1.8.15

വാണ്ടഡ്


കൈതക്കാടുകളുടെ മറവു പറ്റി ഞാന്‍ ഓടി. വള്ളി പൊട്ടിയ ചെരുപ്പ് വഴിയില്‍ ഉപേക്ഷിച്ചു. കാലില്‍ മുള്ളുകൊണ്ടിട്ടും ഓട്ടം നിര്‍ത്തിയില്ല. പാടം കടന്ന് ചിറയിലൂടെ അരമൈല്‍ ദൂരം പിന്നിട്ടാല്‍ അവര്‍ പറഞ്ഞ സ്ഥലമെത്തും. 

എന്തുവന്നാലും പിടികൊടുക്കരുത്. താങ്കളെ പ്രസ്ഥാനത്തിന് ആവശ്യമുണ്ട്. ഒളിവില്‍ ഇരുന്ന്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി.
കിതപ്പിലും അവരുടെ വാക്കുകള്‍ കരുത്തായി.

മുളംകാടിനരികെ കെട്ടിയിട്ടിരിക്കുന്ന വള്ളം കണ്ടു. കഴുക്കോലെടുത്തു. തുരുത്ത് മെല്ലെ മെല്ലെ അകന്നുപോയി.
പനമ്പിന്റെ വളവരയ്ക്കു മുകളില്‍ മഴയുടെ കലമ്പല്‍ കേട്ടു. രാത്രി കനത്തു.

പുലരിയുടെ നരച്ചവെട്ടം മായും മുന്‍പേ തുഴഞ്ഞടുക്കുന്ന ഒരു ചെറുവള്ളം കണ്ടു. വലിയ തൂക്കുപാത്രം കോതില്‍ ഇറക്കിവെച്ച് വാക്കുരിയാടാതെ വള്ളക്കാരന്‍ പോയി. നല്ല വിശപ്പുണ്ടായിരുന്നു. ആര്‍ത്തിയോടെ കഴിച്ചു. വീണ്ടും ഉറങ്ങി.

പിറ്റേന്നും അതേയാള്‍. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ചിലപ്പോള്‍ പൊട്ടനാവാം. അടപ്പു തുറന്നപ്പോള്‍ ദോശയ്ക്ക് മുകളില്‍ മടക്കിവെച്ച കടലാസില്‍ കുറിപ്പ്‌ കണ്ടു.
സ്ഥിതി നിയന്ത്രണാതീതമാണ്. എങ്കിലും നിങ്ങള്‍ സൂക്ഷിക്കണം.

അടുത്ത ദിവസം വള്ളക്കാരനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. അവര്‍ ചാക്കുകെട്ടും പാചക സാമഗ്രികളും ഇറക്കി വെച്ചു. അവളും ഇറങ്ങി. കടലാസും പേനയും കൊടുത്തുവിടാന്‍ പിന്നെയും അവര്‍ മറന്നു.

കായലില്‍ നിന്നുയരുന്ന തണുത്ത കാറ്റ്. തേങ്ങാക്കൊത്ത് ഇരകോര്‍ത്ത ചൂണ്ടയില്‍ മീനുകള്‍ കുടുങ്ങി. മുളകരച്ച മീന്‍ കറിയുടെയും വെന്ത ചോറിന്റെയും മോഹിപ്പിക്കുന്ന മണം. അരിച്ചാക്ക് ചികഞ്ഞ് അവള്‍ വാറ്റുചാരായത്തിന്റെ കുപ്പി നീട്ടി. വാഴത്തണ്ടിന്റെ മൂടി കടിച്ചുതുറന്ന് ആര്‍ത്തിയോടെ വായിലേക്ക് കമഴ്ത്തി. ഞരമ്പുകളില്‍ തരിപ്പ്.

വള്ളക്കാരനെ കണികാണാതെയായി. വല്ലപ്പോഴും വരുമ്പോള്‍  മറുകുറിപ്പുകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.  കൃത്യമായി വര്‍ത്തിക്കുന്ന അനുചരര്‍ ഉണ്ടെങ്കില്‍ ഒരു രാജ്യം തന്നെ ഒളിവില്‍ ഇരുന്നുകൊണ്ട് ഭരിക്കാം. 

നാളെത്ര കഴിഞ്ഞു? കര മാഞ്ഞുപോയി. ചുറ്റും ഓളപ്പരപ്പുകള്‍ മാത്രം. അഴിമുഖത്തേക്കാണോ ഒഴുക്ക്? അരിസാധനങ്ങള്‍ തീര്‍ന്നു. അയാളെവിടെ? വശപ്പ് അസഹ്യമായപ്പോള്‍ വെള്ളംകുടിച്ചു. വിശപ്പടങ്ങുവോളം ഭോഗിച്ചു. ഒടുവില്‍ അവളു ചത്തു. എവിടെയോ കണ്ണികള്‍ മുറിഞ്ഞിട്ടുണ്ടാവാം. കരയ്ക്കടുക്കണം. നിലയില്ലാ കയങ്ങളിലൂടെ ഊന്നി.

കരയില്‍ അപരിചിതര്‍. പോലീസിനു മുന്‍പില്‍ പെടരുത്. ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നുമാറി നടന്നു. ചിലര്‍ വെറുപ്പോടെ നോക്കി. താടിയും മുടിയും വല്ലാതെ നീണ്ടിട്ടുണ്ട്. നിരത്തിന് നടുവിലെ കാക്കിക്കുപ്പായക്കാരന്‍ നീണ്ട കാല്‍സറയും വട്ടത്തൊപ്പിയുമാണല്ലോ ധരിച്ചിരിക്കുന്നത്. പോലീസാണോ? അയഞ്ഞ നിക്കറും കൂര്‍ത്ത തൊപ്പിയുമായിരുന്നല്ലോ അവരുടെ വേഷം. 

ഒറ്റക്ക് നടന്നുവരുന്നയാള്‍ക്ക് സഖാവ് കുമാരന്റെ ച്ഛായയുണ്ടോ?  കോഡ് ഓര്‍മ്മകിട്ടുന്നില്ലല്ലോ?

വരുംകാലം വിശപ്പകലും കാലം.

ഒരുരൂപ തുട്ട് ഇട്ടുകൊടുത്ത് അയാള്‍ കടന്നുപോയി.  

അവരൊക്കെ എവിടെയാണ്?

ഉറക്കെ വിളിച്ചു ചോദിച്ചു. ആരും ശ്രദ്ധിക്കുന്നില്ല.

അതാ തൊട്ടുമുന്‍പില്‍ പോലീസ് ജീപ്പ്! ഇടവഴിയാണ്. ഒളിക്കാന്‍ പഴുതുകളില്ല. ഓടിയാല്‍ വെടിവച്ചേക്കാം!
എന്തു വന്നാലും പിടികൊടുക്കരുത്. ബലം പ്രയോഗിച്ച് വിലങ്ങു വെക്കാന്‍ ശ്രമിച്ചാല്‍ കായികമായി നേരിടണം. കഠിനമര്‍ദ്ദനമേറ്റ് പ്രജ്ഞനഷ്ടപ്പെടുമ്പോള്‍ അവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കും. അതിനേക്കാള്‍ മരണമാണ് വിപ്ലവകാരിക്ക് അഭികാമ്യം.

പോലീസുകാര്‍ എന്നെ നോക്കുകപോലും ചെയ്യാതെ നടന്നുപോകുകയാണല്ലോ? 
എനിക്കുമേല്‍ അറസ്റ്റു വാറണ്ടില്ലേ?
എന്റെ ഫോട്ടോ ചുവരുകളില്‍ പതിച്ചിട്ടില്ലേ?

എന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിട്ടില്ലേ?  
Related Posts Plugin for WordPress, Blogger...