1.8.15

വാണ്ടഡ്


കൈതക്കാടുകളുടെ മറവു പറ്റി ഞാന്‍ ഓടി. വള്ളി പൊട്ടിയ ചെരുപ്പ് വഴിയില്‍ ഉപേക്ഷിച്ചു. കാലില്‍ മുള്ളുകൊണ്ടിട്ടും ഓട്ടം നിര്‍ത്തിയില്ല. പാടം കടന്ന് ചിറയിലൂടെ അരമൈല്‍ ദൂരം പിന്നിട്ടാല്‍ അവര്‍ പറഞ്ഞ സ്ഥലമെത്തും. 

എന്തുവന്നാലും പിടികൊടുക്കരുത്. താങ്കളെ പ്രസ്ഥാനത്തിന് ആവശ്യമുണ്ട്. ഒളിവില്‍ ഇരുന്ന്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി.
കിതപ്പിലും അവരുടെ വാക്കുകള്‍ കരുത്തായി.

മുളംകാടിനരികെ കെട്ടിയിട്ടിരിക്കുന്ന വള്ളം കണ്ടു. കഴുക്കോലെടുത്തു. തുരുത്ത് മെല്ലെ മെല്ലെ അകന്നുപോയി.
പനമ്പിന്റെ വളവരയ്ക്കു മുകളില്‍ മഴയുടെ കലമ്പല്‍ കേട്ടു. രാത്രി കനത്തു.

പുലരിയുടെ നരച്ചവെട്ടം മായും മുന്‍പേ തുഴഞ്ഞടുക്കുന്ന ഒരു ചെറുവള്ളം കണ്ടു. വലിയ തൂക്കുപാത്രം കോതില്‍ ഇറക്കിവെച്ച് വാക്കുരിയാടാതെ വള്ളക്കാരന്‍ പോയി. നല്ല വിശപ്പുണ്ടായിരുന്നു. ആര്‍ത്തിയോടെ കഴിച്ചു. വീണ്ടും ഉറങ്ങി.

പിറ്റേന്നും അതേയാള്‍. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ചിലപ്പോള്‍ പൊട്ടനാവാം. അടപ്പു തുറന്നപ്പോള്‍ ദോശയ്ക്ക് മുകളില്‍ മടക്കിവെച്ച കടലാസില്‍ കുറിപ്പ്‌ കണ്ടു.
സ്ഥിതി നിയന്ത്രണാതീതമാണ്. എങ്കിലും നിങ്ങള്‍ സൂക്ഷിക്കണം.

അടുത്ത ദിവസം വള്ളക്കാരനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. അവര്‍ ചാക്കുകെട്ടും പാചക സാമഗ്രികളും ഇറക്കി വെച്ചു. അവളും ഇറങ്ങി. കടലാസും പേനയും കൊടുത്തുവിടാന്‍ പിന്നെയും അവര്‍ മറന്നു.

കായലില്‍ നിന്നുയരുന്ന തണുത്ത കാറ്റ്. തേങ്ങാക്കൊത്ത് ഇരകോര്‍ത്ത ചൂണ്ടയില്‍ മീനുകള്‍ കുടുങ്ങി. മുളകരച്ച മീന്‍ കറിയുടെയും വെന്ത ചോറിന്റെയും മോഹിപ്പിക്കുന്ന മണം. അരിച്ചാക്ക് ചികഞ്ഞ് അവള്‍ വാറ്റുചാരായത്തിന്റെ കുപ്പി നീട്ടി. വാഴത്തണ്ടിന്റെ മൂടി കടിച്ചുതുറന്ന് ആര്‍ത്തിയോടെ വായിലേക്ക് കമഴ്ത്തി. ഞരമ്പുകളില്‍ തരിപ്പ്.

വള്ളക്കാരനെ കണികാണാതെയായി. വല്ലപ്പോഴും വരുമ്പോള്‍  മറുകുറിപ്പുകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.  കൃത്യമായി വര്‍ത്തിക്കുന്ന അനുചരര്‍ ഉണ്ടെങ്കില്‍ ഒരു രാജ്യം തന്നെ ഒളിവില്‍ ഇരുന്നുകൊണ്ട് ഭരിക്കാം. 

നാളെത്ര കഴിഞ്ഞു? കര മാഞ്ഞുപോയി. ചുറ്റും ഓളപ്പരപ്പുകള്‍ മാത്രം. അഴിമുഖത്തേക്കാണോ ഒഴുക്ക്? അരിസാധനങ്ങള്‍ തീര്‍ന്നു. അയാളെവിടെ? വശപ്പ് അസഹ്യമായപ്പോള്‍ വെള്ളംകുടിച്ചു. വിശപ്പടങ്ങുവോളം ഭോഗിച്ചു. ഒടുവില്‍ അവളു ചത്തു. എവിടെയോ കണ്ണികള്‍ മുറിഞ്ഞിട്ടുണ്ടാവാം. കരയ്ക്കടുക്കണം. നിലയില്ലാ കയങ്ങളിലൂടെ ഊന്നി.

കരയില്‍ അപരിചിതര്‍. പോലീസിനു മുന്‍പില്‍ പെടരുത്. ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നുമാറി നടന്നു. ചിലര്‍ വെറുപ്പോടെ നോക്കി. താടിയും മുടിയും വല്ലാതെ നീണ്ടിട്ടുണ്ട്. നിരത്തിന് നടുവിലെ കാക്കിക്കുപ്പായക്കാരന്‍ നീണ്ട കാല്‍സറയും വട്ടത്തൊപ്പിയുമാണല്ലോ ധരിച്ചിരിക്കുന്നത്. പോലീസാണോ? അയഞ്ഞ നിക്കറും കൂര്‍ത്ത തൊപ്പിയുമായിരുന്നല്ലോ അവരുടെ വേഷം. 

ഒറ്റക്ക് നടന്നുവരുന്നയാള്‍ക്ക് സഖാവ് കുമാരന്റെ ച്ഛായയുണ്ടോ?  കോഡ് ഓര്‍മ്മകിട്ടുന്നില്ലല്ലോ?

വരുംകാലം വിശപ്പകലും കാലം.

ഒരുരൂപ തുട്ട് ഇട്ടുകൊടുത്ത് അയാള്‍ കടന്നുപോയി.  

അവരൊക്കെ എവിടെയാണ്?

ഉറക്കെ വിളിച്ചു ചോദിച്ചു. ആരും ശ്രദ്ധിക്കുന്നില്ല.

അതാ തൊട്ടുമുന്‍പില്‍ പോലീസ് ജീപ്പ്! ഇടവഴിയാണ്. ഒളിക്കാന്‍ പഴുതുകളില്ല. ഓടിയാല്‍ വെടിവച്ചേക്കാം!
എന്തു വന്നാലും പിടികൊടുക്കരുത്. ബലം പ്രയോഗിച്ച് വിലങ്ങു വെക്കാന്‍ ശ്രമിച്ചാല്‍ കായികമായി നേരിടണം. കഠിനമര്‍ദ്ദനമേറ്റ് പ്രജ്ഞനഷ്ടപ്പെടുമ്പോള്‍ അവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കും. അതിനേക്കാള്‍ മരണമാണ് വിപ്ലവകാരിക്ക് അഭികാമ്യം.

പോലീസുകാര്‍ എന്നെ നോക്കുകപോലും ചെയ്യാതെ നടന്നുപോകുകയാണല്ലോ? 
എനിക്കുമേല്‍ അറസ്റ്റു വാറണ്ടില്ലേ?
എന്റെ ഫോട്ടോ ചുവരുകളില്‍ പതിച്ചിട്ടില്ലേ?

എന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിട്ടില്ലേ?  

23.5.15

കുട്ടികള്‍ക്കായ് ഒരു പുസ്തകം - സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ

പ്രിയപ്പെട്ടവരേ,

കുട്ടികള്‍ക്കായി ഒരു പുസ്തകമെന്ന സ്വപ്നം സഫലമാകുകയാണ്. 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' എന്ന ടൈറ്റിലില്‍ എന്റെ പതിനഞ്ചു ബാലകഥകള്‍ പ്രസിദ്ധീകരിക്കുന്നത് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.എസ് ബുക്സ് ആണ്.


ഏതാണ്ട് രണ്ടുവര്‍ഷം മുന്‍പൊരു കൂടിക്കാഴ്ചയില്‍ കുട്ടികള്‍ക്കായ് നല്ല സന്ദേശമുള്ള കഥകള്‍ എഴുതാന്‍ പ്രേരണ നല്‍കിയത് സി.എസ്.എസിന്റെ എഡിറ്ററും സുഹൃത്തുമായ ബെഞ്ചി നെല്ലിക്കാലയാണ്. ബാലപ്രസിദ്ധീകരണങ്ങളിള്‍ വരയുടെ വിസ്മയം തീര്‍ക്കുന്ന കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യൂവിന്റെ ചിത്രങ്ങള്‍ പേജുകള്‍ക്ക് പകിട്ടേകുന്നു. കുട്ടികള്‍ക്ക് പ്രിയങ്കരിയായ മലയാളത്തിന്റെ കഥമുത്തശ്ശി സുമംഗലയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഒരു തുടക്കക്കാരന്റെ കഥകള്‍ വായിച്ച് അഭിപ്രായം കുറിക്കാന്‍ ഔദാര്യം കാട്ടിയ ആ വലിയ മനസ്സിന് പ്രണാമം.

ബ്ലോഗില്‍ എഴുതി തുടങ്ങിയ കാലം മുതല്‍ 'പുഞ്ചപ്പാടത്തിനു' വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുന്ന ഒരുപാടുപേരുണ്ട്. എല്ലാവരോടുമുള്ള നന്ദിയും സ്നേഹം അറിയിക്കട്ടെ.

സി.എസ്.എസിന്റെ തിരുവല്ല ഷോപ്പില്‍ നിന്ന്‍ നേരിട്ടോ തപാലിലോ നിങ്ങള്‍ക്ക് സ്വന്തമാക്കാം. Phone: 0469 – 2630389, 2634936, mobile: 9847381330
ഇന്ദുലേഖ ബുക്ക്സ്, കേരളാ ബുക്ക്സ് സ്റ്റോര്‍,  ലോഗോസ് ബുക്ക്സ് തുടങ്ങിയ വെബ് സ്റ്റോര്‍ വഴിയും ലഭ്യമാണ്.

 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവും എന്ന് വിശ്വസിക്കട്ടെ. സാധിക്കുന്ന സുഹൃത്തുക്കളെല്ലാം പുസ്തകം വാങ്ങണമെന്നും വായിച്ച് അഭിപ്രായം അറിയിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു.


സ്നേഹപൂര്‍വ്വം,

ജോസ്ലെറ്റ്‌ ജോസഫ്

19.4.15

അപൂര്‍ണ്ണം

പൂര്‍ത്തിയാക്കിയ രചനകളുടെ ബാഹുല്യം കൊണ്ട് എന്റെ എഴുത്തുമേശ നിറഞ്ഞു. എന്തു വിലകൊടുത്തും അന്ന് ‘കുന്നുംപുറത്തെ’ കാണേണ്ടതായിരുന്നു എന്ന വിചാരം എന്നെ വേട്ടയാടി.

ഏറെ പ്രതീക്ഷകളോടെയാണ് സാഹിത്യ സമിതിയുടെ പുരസ്കാരദാന ചടങ്ങിന് പോയത്. സര്‍ഗ്ഗാത്മകത പതഞ്ഞു പൊങ്ങിയപ്പോഴാണ് ഞങ്ങളില്‍ ‘മസ്സില്‍’ രൂപപ്പെട്ടത്. മനോമുകുളങ്ങളില്‍ പൊരിഞ്ഞ മലരെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ വിഫലമായി. നോക്കൂ.. എന്നെപ്പോലെ മനസിനെ വറചട്ടിയോട് ഉപമിക്കാന്‍ തക്ക പ്രതിഭാധനരായ ഒരാള്‍പോലും സമിതിയിലില്ല. എന്നിട്ടെന്തേ എവിടെയും പ്രതിഭാശാലികള്‍ തഴയപ്പെടുന്നു? സമിതികളിലും സാഹിത്യ സംഘങ്ങളിലും അവരുടെ ആശയങ്ങള്‍ അടിച്ചുമാറ്റപ്പെടുന്നു. അതറിയണമെങ്കില്‍ ‘ജെ.ജെ.കൊതുമ്പ്’ എന്ന തൂലികാ നാമം എനിക്ക് സ്വീകരിക്കേണ്ടി വന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടിയിരിക്കുന്നു.

എഴുത്തുകാര്‍ക്കിടയിലെ ‘കൂര്‍മ്മബുധികളായായ ചില കുറുക്കന്‍മാര്‍’ അതുല്യപ്രതിഭകള്‍ക്ക് ലഹരി നല്‍കി അവരുടെ ആശയങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു. കൂര്‍മ്മവും കുറുക്കനും എന്ന് മുകളില് എഴുതിയ വരി നിങ്ങള്‍ ശ്രദ്ധിച്ചോ? സമാനാര്‍ത്ഥം ധ്വനിപ്പിക്കാന്‍ ശേഷിയുള്ള ഈ രണ്ടു ജീവികളെയും ഒരു വരിയില്‍ സമന്വയിപ്പിച്ചത് ശരിയല്ലെന്ന് വി.സി മൂസ വാദിച്ചേക്കാം. വെറും സെയില്‍സ്മാനായ അയാള്‍ക്ക് നിരൂപകന്റെ കുപ്പായം ചേരില്ലന്ന് അറിയാത്തത്‌ അയാളുടെ കുറ്റം. ഏതായാലും ഞാനെഴുതിയത് എഴുതിയത് തന്നെ.

ഗൃഹാതുരതയുടെ അകക്കാമ്പ് ഒളിപ്പിച്ച അപൂര്‍വ്വമായൊരു തൂലികാനാമത്തെക്കുറിച്ച് വാരാന്ത്യ സമ്മേളനത്തില്‍ ഞാന്‍ വാചാലനായത്തിന്റെ അടുത്ത ആഴ്ചയാണ് ‘കെ.എന്‍ കുലാഞ്ഞില്‍’ എന്ന പേരില്‍ കരുണാകരന്‍ നായരുടെ കവിത അച്ചടിച്ചുവന്നത്. കേരളം എന്ന വാക്കിന് ആധാരമായ കേരം, അതായത് ഒരു തേങ്ങാക്കുലയെ ചുട്ട മുതല്‍ പരിപോഷിപ്പിച്ച് ഉന്നതമായ നിലയില്‍ എത്തിച്ച് പിന്‍വാങ്ങുന്ന ‘കുലാഞ്ഞില്‍’ പോലെയാണ് സൃഷ്ടികര്‍മ്മം നടത്തി കഥാവശേഷരാകുന്ന ഓരോ സാഹിത്യകാരനുമെന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത്. ആശയ ദാരിദ്ര്യമുള്ള ഇത്തരം മോഷ്ടാക്കളുടെ മുന്‍പില്‍ തോറ്റു പിന്മാറാതെ പിറ്റേന്നു തന്നെ ഞാന്‍ ‘ജെ.ജെ. കൊതുമ്പ്’ എന്ന തൂലികാനാമം സ്വീകരിച്ചു. തെങ്ങിന്‍ പൂക്കുല അപ്പാടെ പൊതിഞ്ഞു സൂക്ഷിക്കുന്ന കൊതുമ്പാണല്ലോ ഏതായാലും കുലാഞ്ഞിലിനേക്കാള്‍ ശ്രേഷ്ഠന്. ഇത്തരം ഉപമ-അലങ്കാരങ്ങള്‍ ഒന്നും വശമില്ലാത്ത നിര്‍ദോഷിയായ എന്റെ പത്നിയോട് ‘സാഹിത്യത്തില്‍ കരുണാകരന്റെ അച്ഛനാണ് ഞാന്‍’ എന്ന് ലളിത വ്യാഖാനം ചെയ്യണ്ടിവന്നതില്‍ നിന്നും എന്റെ ഗതികേട് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. നിരക്ഷരരായ ഒരു പറ്റം ജനങ്ങള്‍ക്കിടയില്‍ കുപ്പയിലെ മാണിക്യം പോലെ ഞാന്‍ ശോഭകെട്ടു കിടക്കുന്നു.

തുടക്കത്തില്‍ പ്രതിപാദിച്ച വിഷയത്തിലേക്ക് വരാം. എഴുതുമ്പോള്‍ പ്രധാനാശയത്തില്‍ നിന്നു വഴുതിപ്പോകുക, വലിച്ചുവാരി എഴുതുക എന്നതൊക്കെയാണ് എന്റെ കഥകളുടെ പ്രധാന പോരായ്മകളെന്ന് അസൂയാലുക്കളായ വിമര്‍ശകര്‍ പറയാറുണ്ട്‌. സമിതിയിലെ നിരൂപകരെന്നു സ്വയം അഹങ്കരിക്കുന്ന വി.എം കോശി, പി.പൊന്നപ്പന്‍, വി.സി മൂസ തുടങ്ങിയവരെ ഞാന്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ഉള്ളിലെ ആശയ തള്ളലിന്റെ പാരമ്യത്തിലാണ് വാക്കുകള്‍ പ്രവഹിക്കുക എന്ന് ഈ വിഡ്ഢികള്‍ക്കറിവില്ലല്ലോ. വോള്‍ക്കാനൊ തടുത്തു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ‘ആയിരം വരികള്‍ വായിച്ചേ ഒരു വാക്കെഴുതാവൂ പോലും! അത് കൈ വിറയ്ക്കുന്നവരോട് പോയി പറയൂ. വികാരവിക്ഷോഭത്തില്‍ വീണ്ടും ഞാന്‍ കാടുകയകറുകയാണോ? ഏയ് അല്ല.

‘മസ്സില്‍’ സാഹിത്യ സമിതിയുടെ പ്രഥമ അവാര്‍ഡിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വന്നത്. പ്രമുഖ കഥാകൃത്തും ‘ഉള്ളറ’യുടെ എഡിറ്ററുമായ ശ്രീ.കുന്നുംപുറത്തിന് അവാര്‍ഡ് നല്‍കാം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ തീരുമാനത്തില്‍ സന്തുഷ്ടരായി നിഗൂഡമന്ദസ്മിതങ്ങളാല്‍ ഞങ്ങള്‍ മനക്കോട്ടകള്‍ മെനഞ്ഞു. സമിതിയില്‍ കെ.എന്‍ കുലാഞ്ഞില്‍ ഒഴികെ ആരുടേയും സൃഷ്ടികള്‍ ഇന്നേവരെ വെളിച്ചം കണ്ടിട്ടില്ല. കുന്നുംപുറത്തിനെ പ്രീണിപ്പിച്ചാല്‍ മോഹങ്ങള്‍ സഫലമാകും!

അവാര്‍ഡ്തുക, വിസാ, വിമാനകൂലി, താമസം, സമ്മേളനവേദി ഇത്യാദി ചിലവുകള്‍ തുല്യമായി വീതിച്ചു. എങ്കിലും പുരസ്കാര വിവരം കഥാകൃത്തിനെ നേരിട്ട് വിളിച്ചറിയിക്കാന്‍ നറുക്കുവീണതും കുറുക്കനായ കുലാഞ്ഞിലിന് തന്നെ. നറുക്കിടാന്‍ ഉപയോഗിച്ച കുറികള്‍ എഴുതിയുണ്ടാക്കിയ വി.എം. കോശി തലേന്ന് നായരുടെ സ്ത്കാരത്തില്‍ പങ്കെടുത്തതിന് എന്റെ പക്കല്‍ തെളിവുകളുണ്ട്. എങ്കിലും നിയമസഭയിലെപ്പോലെ അതെല്ലാം വിളിച്ചുകൂവുക സാഹിത്യകാരന്മാര്‍ക്ക് ഭൂഷണമല്ലല്ലോ.

‘മസ്സില്‍’ എന്നുകേട്ടപ്പോള്‍ കുന്നുംപുറം ഒന്ന് വിരണ്ടുവെന്നും ‘മരുപ്പാടം സാഹിത്യ സമിതി ഇന്‍ ലണ്ടന്‍’ എന്ന വിശദീകരണം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയെന്നും ‘ലണ്ടനിലും മരുഭൂമിയോ?’ എന്നു സംശയഭാവത്തില്‍ ചോദിച്ചെപ്പോള്‍ ഉചിതമായ വ്യാഖാനത്തിലൂടെ താനത് ലഘൂകരിച്ചെന്നും ശ്രീ.കുലാഞ്ഞില്‍ വീരവാദം നടത്തുകയുണ്ടായി. ഒന്നു നിങ്ങള്‍ക്കറിയുമോ, നാടുവിട്ട് ഗള്‍ഫില്‍ ജോലി ചെയ്ത് ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഞാനുള്‍പെട്ട മൂന്നംഗങ്ങളുടെ കടുംപിടുത്തംകൊണ്ടു മാത്രമാണ് അര്‍ത്ഥവത്തായ ഈ പേര് സമിതിക്ക് കൈവന്നത്. എന്തൊക്കെയായാലും വന്ന വഴി ആരും മറക്കരുത്.

അവാര്‍ഡ്ദാന ചടങ്ങുകള്‍ മംഗളകരമായി പരിസമാപിച്ചെങ്കിലും ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്നതില്‍ സമിതി പരാജയപ്പെട്ടുവെന്ന് പറയേണ്ടിയിരിക്കുന്നു. സത്യം തുറന്നുപറയാന്‍ ആരും ധൈര്യം കാണിക്കുകയില്ലെന്ന തിരിച്ചറിവില്‍ ഞാനതവിടെ വെളിവാക്കുന്നു. പിള്ളേരോടും പിച്ചക്കാരോടും പോലും ലോക ക്ലാസിക്കുകളെകുറിച്ച് വാചാലനാകുന്ന നിരൂപകന്‍ പി.പൊന്നപ്പന്‍, ഉത്തരവും കഴുക്കോലും എന്തെന്നറിയാതെ ഉത്തരാധുനികം വിളമ്പുന്ന വി.എം കോശി, ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന ഒരു കഥാകൃത്തിനെയും വിമര്‍ശിക്കാന്‍ ധൈര്യപ്പെടാത്ത വി.സി മൂസ എന്നിവരൊന്നും അന്ന് വായ് തുറന്നില്ല. പുരസ്കാരം സ്വീകരിച്ചുകൊണ്ട് ശ്രീ.കുന്നുംപുറം നടത്തിയ പ്രഭാഷണത്തിനു ശേഷം അവരൊക്കെ അസ്തപ്രജ്ഞരായി ഇരുന്നുപോയി.

‘ഉത്തമ സാഹിത്യ സൃഷ്ടികളുടെ കാമ്പ് കണ്ടെത്തിയ അവാര്‍ഡ് കമ്മറ്റിക്ക് അഭിനന്ദനങ്ങള്‍. ഈ വൈകിയ വേളയിലെങ്കിലും ഈയുള്ളവനെ ആദരിക്കാന്‍ ഔദാര്യം കാട്ടിയ സാഹിത്യ സദസിനു മുന്‍പില്‍ ഞാന്‍ നമ്രശിരസ്കനാകുന്നു. അംഗീകാരങ്ങള്‍ അതര്‍ഹിക്കുന്നവരെ തേടിയെത്തും എന്നെനിക്കുറപ്പായിരുന്നു. എങ്കിലും ഒന്ന് ചോദിക്കട്ടെ, ഒന്നിനോടും കമിറ്റ്മെന്റ് ഇല്ലാത്ത ഈ തലമുറക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്? എങ്ങനെയും പ്രശസ്തി നേടുക, അതിനായി പണവും സ്വാധീനവും ഉപയോഗിക്കുക, പ്രീണനം നടത്തുക, അതുമല്ലെങ്കില്‍ ഭീഷണിപ്പെടുത്തുക ഒക്കെ ഇന്നിന്റെ ചാപല്യങ്ങളായി മാറിയിരിക്കുന്നു. ആ കപടത തിരിച്ചറിയപ്പെടെണ്ടതുണ്ട്. അത്തരം മൂഡശിരസുകള്‍ തകര്‍ക്കപ്പെടെണ്ടതുണ്ട്. ഈ അവാര്‍ഡ് അവര്‍ക്കൊരു മുന്നറിയിപ്പാണ്.’

നിറഞ്ഞ കൈയ്യടികള്‍. കുന്നുംപുറം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണെന്ന് നന്നായി ഓര്‍ക്കുന്നു. അതുവരെ അധ്യക്ഷ കസേരയില്‍ ഞെളിഞ്ഞിരുന്ന കെ.എന്‍ കുലാഞ്ഞില്‍ മോഹഭംഗത്താല്‍ ഒന്നാടിയുലയുന്നത് ഞാന്‍ കണ്ടു. പൊതു സമക്ഷം പ്രാഗത്ഭ്യം വെളിവാക്കാന്‍ എനിക്ക് കൈവന്ന ആദ്യ അസുലഭാവസരം. കണ്ണാടിക്കു മുന്‍പില്‍ നിന്ന് അഭ്യസിച്ച, അന്‍പത്തൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള കൃതജ്ഞതാപ്രസംഗത്തിലെ വരികള്‍ ഞാനറിയാതെ വിഴുങ്ങിപ്പോയി.

അന്ന് വൈകിട്ട് ഹോട്ടലില്‍ സന്ദര്‍ശക ബാഹുല്യമേതുമില്ലാതെ സുന്ദരമായുറങ്ങിയ ശ്രീ.കുന്നിന്‍പുറം പുലര്‍ച്ചെ വിമാനത്തില്‍ നാട്ടിലേക്ക് പറന്നു. ആശാഭംഗം സംഭവിച്ച അനേകരില്‍ എന്നോളം നിരാശരായി മറ്റാരുണ്ട്?
***

‘ഓക്കേ. ദാറ്റ്‌സ്‌ ആള്‍.’

ഡിയര്‍ ഒഫീസേര്‍സ്, ജീവന്‍ ജോര്‍ജ് എന്ന വ്യക്തിയുടെ ഡയറിക്കുറിപ്പാണ് ഇത്. ജെ.ജെ. കൊതുമ്പ് എന്ന പേരില്‍ അയാള്‍ എന്തൊക്കെയോ എഴുതിപ്പോന്നിരുന്നുവെന്ന് ഭാര്യയുടെ മൊഴിയിലുണ്ട്. കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട ഇയാള്‍ ‘ഉള്ളറ’ എന്ന മാസിക പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി നമ്മള്‍ കണ്ടെടുക്കുന്ന പല കുറിപ്പുകളേയും പോലെ ഫയല്‍ ക്ലോസ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അപ്രസക്തമാകുന്ന ഒന്നാണ് ഇതും. ക്രിമിനല്‍ ഇന്വേസ്ടിഗേറ്റീവ് സ്റ്റുഡന്റ്സ്റ് എന്ന നിലയില്‍ നിസ്സാരമെന്നു കരുതുന്ന കേസുകള്‍ പോലും പല ആംഗിളില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ഉദാഹരണം, ഈ കുറിപ്പില്‍ ശ്രീ.കുന്നുംപുറത്തിന്റെ പ്രസംഗം എന്ന് ചേര്‍ത്തിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക. പ്രസംഗത്തിനു ശേഷം പലരും അസ്വസ്ഥത പ്രകടിപ്പിച്ചു എന്ന് പരാമര്‍ശമുണ്ട്. ‘ശിരസ് തകര്‍ക്കണം’, ‘ഇതൊരു മുന്നറിയിപ്പാണ്’ എന്നൊക്കെ സംസാരിച്ച കുന്നുംപുറത്തെ എന്തുകൊണ്ട് നമുക്ക് സംശയിച്ചുകൂടാ? എഴുത്തുകാരില്‍ കൂര്‍മ്മബുദ്ധികളായ ക്രിമിനലുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇവര്‍ പ്രകാരം ചിന്തിക്കുന്നു?

ലെറ്റ്‌സ് ഡു സം അസംഷന്‍സ്. നിങ്ങളുടെ കണ്ക്ലൂഷന്‍സ് ഒരു ബ്രീഫ് റിപ്പോര്‍ട്ട് ആയി ഇന്ന് തന്നെ സബ്മിറ്റ് ചെയ്യൂ. നാളെയും നമ്മള്‍ ഇതേ സ്വഭാവമുള്ള കേസുകളിലൂടെയാവും സഞ്ചരിക്കുക. ദാറ്റ്‌ ആള്‍സോ ആന്‍ ഇന്ട്രസ്ടിംഗ് സബ്ജെക്റ്റ്. കക്ഷിയും സാഹിത്യകാരന്‍ തന്നെ. ദി വണ്‍ ആന്‍ഡ്‌ ഒണ്ലി ദസ്തേവിസ്കി.

താങ്ക്സ്, ആന്‍ഡ്‌ സീ യു ഇന്‍ ദി നെക്സ്റ്റ് സെഷന്‍'

--- END ---

(ഇ-മഷി മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
Related Posts Plugin for WordPress, Blogger...