24.2.14

ഇരുട്ടിലേയ്ക്ക് ചിതറിപ്പോയ തേങ്ങലുകള്‍

കൈതകള്‍ പടര്‍ന്ന കയ്യാലകള്‍ അതിരു തീര്‍ത്ത ഇടുങ്ങിയ റോഡിലൂടെ, ഇളകിയ പാറക്കഷ്ണങ്ങളില്‍ കാലുതട്ടാതെ ഞാന്‍ നടന്നു. കുന്നിന്റെ കയറ്റവും ഇറക്കവും തീര്‍ത്ത ക്ഷീണത്താല്‍ കൂടെയുള്ള കിളവന്‍ നിന്നു കിതയ്ക്കുകയാണ്. അകലെ പെട്ടിക്കട കണ്ടപ്പോള്‍ അയാളുടെ കാലിലെ തളര്‍ന്ന ഞരമ്പുകള്‍ ത്രസിച്ചു. ആര്‍ത്തിയോടെ കണ്ണുകള്‍ കടയ്ക്കുള്ളില്‍ അലഞ്ഞു. വലിയ ഗ്ലാസ്സില്‍ നാരങ്ങവെള്ളവും രണ്ട് എത്തയ്ക്കയും അകത്താക്കി പരവേശമടങ്ങിയപ്പോള്‍ വായില്‍ മുറുക്കാന്‍ നിറച്ച് കിളവന്‍ എന്നെ നോക്കി. അയാളോടൊപ്പമുള്ള പതിനാല് യാത്രകളുടെ തുടര്‍ച്ചയെന്നോണം അടിച്ചേല്‍പ്പിക്ക്പ്പെട്ടൊരു കടമ നിറവേറ്റുന്ന നിസംഗതയോടെ കടക്കാരനു നേരെ ഞാന്‍ പണം നീട്ടി.

വെയില്‍മാഞ്ഞ വൈകുന്നേരത്തെ വിളറിയ പ്രകൃതിയും അപരിചിതരായ മനുഷ്യരുമുള്ള ആ മലയോരം ഏതോ പ്രേതകഥയുടെ താളുകളില്‍നിന്നും ഇറങ്ങി വന്നതാണെന്ന് എനിക്കു തോന്നി. അന്യഗ്രഹത്തില്‍ നിന്നും വഴിതെറ്റി വന്ന വിചിത്ര ജീവിയെപ്പോലെ ഞാന്‍ ബസ്സ്‌ കാത്തുനിന്നു. പകലിനെ ഊതിയണയ്ക്കാന്‍ ആകാശത്തിന്‍റെ ഏതോ കോണില്‍നിന്നും വാതുറന്നു പുറപ്പെട്ട ഇരുട്ടിനൊപ്പം നിരാശയുടെ ഒരു പടലം എന്‍റെയുള്ളില്‍ അടിഞ്ഞുകിടന്നു.

മുറുക്കാന്‍ നീട്ടിത്തുപ്പി ബ്രോക്കര്‍ കിളവന്‍ അടുത്തേയ്ക്ക് നീങ്ങി നിന്നു.

"ഡോ.. ഇത് നടന്നു കിട്ടാന്‍ അല്പം പാടാ....തനിക്ക് വിവരോള്ളകൊണ്ട് കാരണം പറഞ്ഞു തരേണ്ട കാര്യോല്ല്യ. ഇക്കാലത്ത് ആര്‍ക്കും വല്യ ബുദ്ധിമുട്ട് ഒന്നൂല്ല്യ... പെണ്ണ് കൊടുക്കെണ്ടാന്ന് വെച്ചാ അത്രതന്നെ. പറ്റിയാ അടുത്താഴ്ച നമുക്ക് മറ്റൊരിടം വരെ പോയി നോക്കാം."

കിളവനും ഏതാണ്ട് പ്രതീക്ഷ മാഞ്ഞ മട്ടാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അടിസ്ഥാന ശമ്പളമെങ്കിലും ഈ കാലയളവിനുള്ളില്‍ അയാള്‍ തന്നില്‍ നിന്നും കൈപ്പറ്റിക്കാണും. ആരെയും പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ജോലി സാധ്യതാ ലിസ്റ്റില്‍ പേരുണ്ട് എന്നത് വിവാഹ കമ്പോളത്തില്‍ ഒരു യോഗ്യതയേ അല്ലാതായിരിക്കുന്നു. മരീചിക പോലെയാണ് മധ്യവയസ് എത്തുമ്പോള്‍ ഒരു യുവാവിന്‍റെ ജോലിയും വൈവാഹിക സ്വപ്നങ്ങളും.

അങ്ങാടിയില്‍ ബസ്സിറങ്ങിയപ്പോള്‍ ഫുട്ട്ബോര്‍ഡില്‍ കാലൊന്നു തട്ടി. 'ഒരു വേദന തീരും മുന്‍പ് മറ്റൊന്ന്.' കണങ്കാലിലെ പഴയൊരു മുറിവിനുമേല്‍ പടരുന്ന നൊമ്പരത്തിന് മനസിന്‍റെ ആധികളോളം കടുപ്പമില്ല. പിരിയും മുന്‍പേ കിളവന് പതിവു പടിവാങ്ങി പോക്കറ്റില്‍ തിരുകി ഇരുട്ടിലേയ്ക് നടന്നകന്നു. വായനശാല അടച്ചതിനാല്‍ വീട്ടിലേയ്ക്ക് പോകാതെ തരമില്ല. നരകത്തിന്‍റെ ഇരുട്ടാണ്‌ തന്നെ കാത്തിരിക്കുന്നത്. വീട്! അമ്മയോടൊപ്പം അണഞ്ഞതാണ് അവിടുത്തെ വെട്ടം. 'വിലാപവും പല്ലുകടിയുമുള്ള' തന്‍റെ സ്വന്തം നരകം.


അടര്‍ന്ന കുമ്മായക്കെട്ടിനുള്ളില്‍ നിന്നും വിടുതല്‍ വാങ്ങി, തലമുറകളുടെ ഭാരം താങ്ങാനാകാതെ തളര്‍ന്നുപോയ വെട്ടുകല്ലുകള്‍... ആള്‍പെരുമാറ്റം കൊതിക്കുന്ന അനേകം മുറികളില്‍ ഈര്‍പ്പം കെട്ടി വിറങ്ങലിച്ച ചുമരുകള്‍....

ജീവിതം പോലെ നിറംകെട്ട അടുക്കളയില്‍ ആരംഭിക്കുന്നു തന്‍റെ ഓരോ ദിവസവും. രാവിലത്തെ ചുറ്റുവട്ടങ്ങള്‍ക്കു ശേഷം പോസ്റ്റ്‌ഓഫീസിലേയ്ക്ക്. ഉച്ചവരെയുള്ള താത്കാലിക പോസ്റ്റ്‌മാന്‍ പണി കഴിഞ്ഞാല്‍ ഒരാശ്രയം വായനശാലയാണ്. ദൂരെ യാത്രയെങ്കില്‍ അച്ഛന്‍റെ ഭക്ഷണ കാര്യം ചായക്കടക്കാരന്‍ അപ്പുനായര്‍ ഏറ്റുകൊള്ളും. കേണല്‍ ഫീലിപ്പോസ് സാറിനെ കണ്ടുമുട്ടുന്ന ദിവസങ്ങളില്‍ അദ്ദേഹം വീട്ടിലേയ്ക്ക് ക്ഷണിക്കും.

പട്ടാളത്തില്‍ നിന്നും വിരമിച്ച് ക്ളബ്ബും വീടും കൂട്ടിനൊരു പട്ടിയും മാത്രമായി വിരസ ജീവിതം നയിക്കുന്ന അദ്ദേഹത്തിനും ആശ്വാസമാണ് ആ ഒത്തുചേരലുകള്‍. മദ്യപാനത്തിനുള്ള അനന്തസാധ്യതകള്‍ തുറന്നു കിട്ടും എന്നതിനാല്‍ കേണലിനോട് സംസര്‍ഗ്ഗം സ്ഥാപിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. അതറിഞ്ഞുകൊണ്ടുതന്നെ ക്ളബ്ബു കഴിഞ്ഞുള്ള സൌഹൃദങ്ങളെ വീടിന്‍റെ ഗേറ്റിനു പുറത്തു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്യാറ്. എന്തുകൊണ്ടോ എന്നോട് കമ്പനി കൂട്ടാനും ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ഫീലിപ്പോസ് സാറിന് താത്പര്യമാണ് എന്നത് എന്റെ ഭാഗ്യം. ആ ദിവസങ്ങളില്‍ കേണലിന്‍റെ അടുക്കളയിലെ മിനി ഡൈനിങ്ങ്‌ ടേബിളിള്‍ കട്ടിംഗ് ടേബിളും ബാര്‍ കൌണ്ടറും ഡിസ്കഷന്‍ ഡെസ്കും ആകും. മദ്യത്തിന്‍റെ രസത്തോടൊപ്പം എന്‍റെ പാചക നൈപുണ്യവും കേണല്‍ ആസ്വദിക്കുന്നു എന്നതും ഞങ്ങളുടെ കൂടിച്ചേരലുകളെ ഊഷ്മളമാക്കുന്നു.

പോസ്റ്റ്‌ ഓഫീസിലെത്തുന്ന തപാലില്‍ കത്തുകള്‍ തുലോം കുറവാണ്. ഏറെയും വരിക്കാരുടെ പേരിലുള്ള മാസികകളോ ഇന്‍ഷ്വറന്‍സ് പോളിസി അറിയിപ്പോ ചിട്ടി കുടിശിക തീര്‍ക്കേണ്ട രസീതോ ആയിരിക്കും. ഫിലിപ്പോസ് സാറിന് പോസ്റ്റുള്ളപ്പോള്‍ അത് അന്നത്തെ അവസാന ഡെലിവറിക്കായി നീക്കിവെച്ച് ബാക്കി ദിവസം കേണലിനൊപ്പം ആഘോഷിക്കുകയാണ് പതിവ്. അങ്ങനെയൊരു ദിവസത്തെ അവസാന തപാലുമായി ഗേറ്റ്കടക്കുമ്പോള്‍ കേണല്‍ അകത്തൊരു തയ്യാറെടുപ്പിലായിരുന്നു.

സന്തതസഹചാരിയായിരുന്ന വളര്‍ത്തു നായയില്‍ ചില ലക്ഷണ പിശകുകള്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാല്‍ക്കാന്‍ പയ്യനുനേരെ ചാടി വീണതില്‍ പിന്നെ പട്ടിക്ക് 'പേ' ഇളകാനുള്ള സാധ്യത കണ്ടു. വെടിവെച്ച് കൊന്നുകളയാനുള്ള ഉദ്ദേശമായിരുന്നെങ്കിലും ശബ്ദം അയല്‍ക്കാര്‍ കേള്‍ക്കാതിരിക്കാന്‍ ഒടുവില്‍ മറ്റൊരു മാര്‍ഗ്ഗം സ്വീകരിച്ചു. ഞങ്ങള്‍ ഒരുമിച്ചാണ് അന്ന്‍ ആ കൃത്യം നിറവേറ്റിയത്.


നാളുകൾക്ക് ശേഷം കൂട് തുറന്നപ്പോള്‍ ഫിലിപ്പോസ് സാറിന്‍റെ പട്ടി കുതറിയോടി. തുടലു പൊട്ടിച്ചു പാഞ്ഞ ജന്തുവിനെ വളരെ പണിപ്പെട്ട് വീടിനു പിറകിലെ ചെറു നാരകത്തില്‍ വലിച്ചുകെട്ടി. ഒരുമാസത്തിലേറെയായി കഴുത്തില്‍ മുറുകിയ തുടലിന്‍റെ ഭാഗത്തെ തൊലിനീങ്ങി മാംസം തെളിഞ്ഞു കാണാം. വെളിച്ചെണ്ണ പോലെ എന്തോ അതിന്‍റെ മൂക്കില്‍ നിന്നും ഇടതടവില്ലാതെ വമിക്കുന്നുണ്ട്. തുറിച്ച ചെങ്കണ്ണില്‍ നിന്നും തീയും വെള്ളവും തെറിക്കുന്നതായി എനിക്കുതോന്നി. ചാര്‍ത്തിന്‍റെ മൂലയില്‍ ചുരുട്ടിവെച്ച കുറെ കമ്പിച്ചുരുള്‍ കേണല്‍ നാരകത്തില്‍ ചുവട്ടിലേയ്ക്ക് ഇട്ടു. ടാപ്പ് തുറന്ന്‍ പച്ച നിറമുള്ള പൈപ്പിലൂടെ വെള്ളം പട്ടിക്കുമേല്‍ തളിച്ചു. തണുപ്പ് ദേഹത്ത് തട്ടിയപ്പോള്‍ രസം പൂണ്ട നായ അസുഖം മറന്ന് നാരകത്തിൻ ചുറ്റും ഓടി. ഇടയ്ക്ക് കാലുകള്‍ കമ്പിച്ചുരുളില്‍ കുടുങ്ങി മുറിഞ്ഞു. മുറിക്കുള്ളിലേയ്ക്ക് കയറി നില്‍ക്കാന്‍ എന്നോട് ആവശ്യപ്പെട്ടശേഷം നീളമുള്ള ഒരു ഇലക്ട്രിക് വയര്‍ കേണല്‍ നനഞ്ഞ മുറ്റത്തേയ്ക്ക് എറിഞ്ഞു. മറ്റേ അറ്റം പ്ലഗ്ഗില്‍ ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്തു. ഒരു വിറയല്‍. ഒരു നേര്‍ത്ത മുരള്‍ച്ച. അത് തീര്‍ന്നു! 

നരകയാതന അനുഭവിക്കേണ്ടിയിരുന്ന ഒരാത്മാവിന് ദയാവധത്തിലൂടെ വിടുതല്‍ നല്‍കിയത് ഒട്ടും എന്നെ വേദനിപ്പിച്ചില്ല. പരാക്രമത്തിനിടയില്‍ എപ്പോഴോ കണംകാലില്‍ വന്നുഭവിച്ചൊരു മുറിവുപോലും ലഹരിയുടെ വീര്യത്തില്‍ ഞാന്‍ മറന്നുപോയി.

വിഫലമായ അന്നത്തെ യാത്രയ്ക്കൊടുവില്‍ വീടണഞ്ഞു. മൈലുകള്‍ അകലെ എത്രയെത്ര ഓണംകേറാ മൂലകളില്‍ അലഞ്ഞിരിക്കുന്നു. 

"ശരി, ഞങ്ങള്‍ അറിയിക്കാം........." 

എല്ലാ വിവാഹാലോചനകള്‍ക്കും, എല്ലാ തൊഴിലന്വേഷണങ്ങള്‍ക്കും ഒടുവില്‍ കാതില്‍ പതിഞ്ഞുപോയ വാചകങ്ങള്‍. ഒരിക്കലും തുണയ്ക്കാത്ത കുറെ ബിരുദങ്ങളും അടുക്കിപ്പിടിച്ച് ചെയ്യാത്ത കുറ്റത്തിന്റെ തീര്‍പ്പു കേള്‍ക്കാന്‍ കാത്തിരിക്കുകയാണോ ഓരോ ചെറുപ്പക്കാരനും? 
"ഒക്കെ വിധിയാടോ" എന്ന് തന്നോട് സഹതപിക്കുന്നവര്‍ പോലും ഒരു കൈത്താങ്ങിനു തയാറല്ല.

പുറത്ത് മഴ കനക്കുന്നു. വിജാഗിരി ഇളകിയ പഴകിയ ജനല്‍ പാളികളില്‍ കാറ്റ് വന്നു തല്ലുന്നു. പൊട്ടിയ കമത്തോടുകള്‍ക്ക് മേല്‍ കമഴ്ത്തിയ തകരപ്പാളികള്‍ വല്ലാതെ നിലവിളിക്കുന്നു. ഒന്ന്‍ നന്നായ് ഉറങ്ങിയിട്ട് നാളെത്രയായി. ഇന്നീ രാത്രിയില്‍ കാതില്‍ മുഴങ്ങിക്കേള്‍ക്കുന്നത് മൂന്നാന്‍ കിളവന്‍റെ ശബ്ദം.

"ഡോ.. ഇത് നടന്നു കിട്ടാന്‍ അല്പം പാടാ.."

പാരമ്പര്യം, വിധി ഇതൊക്കെ കുരുക്കഴിക്കാനാവാതെ കെട്ടുപിണഞ്ഞു കിടക്കുന്ന സമസ്യകളാണോ? 
ആരാണ് എന്‍റെ ഭാവി നിശ്ചയിക്കുന്നത്? എന്തുകൊണ്ട് അത് സ്വയം തീരുമാനിച്ചു കൂടാ? 

കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കത്തിലേക്ക് ഊളിയിട്ടു രക്ഷപെടുവാന്‍ നടത്തുന്ന പാഴ് ശ്രമത്തിനിടെ കാലിലെ മുറിവ് പിന്നോക്കം പിടിച്ചു വലിച്ച് വേദനിപ്പിക്കുന്നു. 
ഫീലിപ്പോസ് സാറിന്‍റെ പട്ടി, അതിന്‍റെ വിധി നിര്‍ണ്ണയിച്ചത് ആരാണ്?

"നിങ്ങള്‍ തന്നെ!"

ഏറെക്കാലമായി അലട്ടിയിരുന്ന സംശയങ്ങള്‍ക്ക് ഉത്തരവുമായി രാത്രിയുടെ ഏതോ യാമത്തില്‍ ചെകുത്താന്‍ എനിയ്ക്കരികിലെത്തി. ഞാന്‍ കട്ടിലില്‍ നിന്നെണീറ്റു.

ആര്‍ത്തലച്ച് മഴപെയ്തിട്ടും മരങ്ങള്‍ കടപുഴകിയിട്ടും കറുത്ത വാനം വിണ്ടുകീറി കൊള്ളിയാന്‍ മിന്നിയിട്ടും കറന്റ് പോകാത്ത ആ രാത്രിയില്‍ അച്ഛന്‍റെ ദുരിതങ്ങള്‍ അവസാനിച്ചു! വിലാപങ്ങളില്‍ നിന്നും വിടുതല്‍ നേടി നരകത്തിന്‍റെ ചുവരുകള്‍ ഭേദിച്ച് ആത്മാവ് സ്വതന്ത്രമായി.

കെട്ടിച്ചയച്ച മൂത്തപെങ്ങള്‍ വിദേശത്തു നിന്നും വരില്ലെന്ന് വിളിച്ചറിയിച്ചു. പറയത്തക്ക ബന്ധുക്കളില്ല. പറമ്പിന്‍റെ തെക്കു പടിഞ്ഞാറേ മൂലയില്‍ ചിതയെരിഞ്ഞു. വൈകുന്നേരത്തോടെ മരണ വീട്ടിലെ അവസാനയാളും പിരിഞ്ഞുപോയി.

അതുവരെ പരിചിതമല്ലാത്തവിധം അസഹ്യമായ നിശബ്ദതയില്‍ ഉറങ്ങാനാവാതെ അന്നു രാത്രിയും ഞാന്‍ കിടക്ക വിട്ടെണീറ്റു. കാലിത്തൊഴുത്ത് വൃത്തിയാക്കുന്ന നിഷ്ഠയോടെ എന്നും ചെയ്തു തീര്‍ക്കുന്നൊരു കൃത്യം നിറവേറ്റാനായി ഞാന്‍ നരക വാതില്‍ തുറന്നു. വിലാപവും പല്ലുകടിയും ഒടുങ്ങിയ നരകം! ഇന്നലെ വരെ മലമൂത്രവിസര്‍ജ്ജങ്ങളുടെ ഗന്ധം പേറി വീര്‍പ്പുമുട്ടിനിന്ന വായു വാതിലിലൂടെ പുറത്തേയ്ക്ക് രക്ഷപെട്ടു. വൃത്തികെട്ട ചുമരുകളുള്ള മുറിയുടെ മധ്യത്തില്‍ ചിതലരിച്ച മച്ചിനെ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് തൂണ്. തൂണിനു താഴെ ഒരു വ്യാഴവട്ടക്കാലത്തെ മൂത്രം കുടിച്ച് ദാഹമടങ്ങിയ സിമന്‍റ് തറയില്‍ അച്ഛനെ പൂട്ടിയിരുന്ന ചങ്ങല ചുരുണ്ടുകൂടി കിടന്നു.


തണുത്ത തറയില്‍ തൂണില്‍ ചാരി ഞാനിരുന്നു. അനാഥമായ ചങ്ങല എന്നെ മാടിവിളിച്ചു, ഒരു സാന്ത്വനം പോലെ. വിധിയെ കീഴ്പ്പെടുത്തിയപ്പോള്‍ അച്ഛന്‍ എനിക്കു വെച്ചുനീട്ടിയ സമ്മാനമാണത്! പാപഭാരം പേറുന്ന ഇരുമ്പ് തുടല്‍ ഇടത്തെ കാലില്‍ ചേര്‍ത്തു ഞാന്‍ ബന്ധിച്ചു. ഏറെക്കാലമായി കൊതിയോടെ കാത്തിരുന്ന കാമുക സ്പര്‍ശനത്താല്‍ കണങ്കാലിലെ മുറിവ് പുളകിതയായി. പോയകാലത്തിന്‍റെ വിയര്‍പ്പും ചെളിയും ഒട്ടിച്ചേര്‍ന്ന തൂണില്‍ കെട്ടിപ്പിടിച്ച് ഞാന്‍ തലതല്ലിക്കരഞ്ഞു. കണ്ണീരിനൊപ്പം മൂക്കില്‍ നിന്നും വായില്‍ നിന്നും വെളിച്ചെണ്ണ പോലത്തെ സ്രവം ഒഴുകി. 

മച്ചിലെ ചെതുക്കിച്ച പലകകളുടെ വിടവിലൂടെ ഇന്നലെ ചുരുട്ടിയെറിഞ്ഞ ചുവപ്പും കറുപ്പും ഇഴപിരിഞ്ഞ ഇലക്ട്രിക് വയറിലെ ചെമ്പുകമ്പി വീണ്ടും തന്‍റെ ഊഴമായോ എന്നറിയാന്‍ എത്തി നോക്കി. ഇരുണ്ട ഭിത്തികളില്‍ തട്ടി ഇരുട്ടിലേയ്ക്ക് ചിതറിപ്പോയ തേങ്ങലുകള്‍ അനേകം തെരുവു നായ്ക്കളുടെ ഓരിയിടലായി അകലങ്ങളില്‍ അലിഞ്ഞുചേര്‍ന്നു.
Related Posts Plugin for WordPress, Blogger...