19.1.12

പ്ലീസ്‌ എന്നെയൊന്നു റാഗ്‌ ചെയ്യൂ

"റാഗിങ്ങ്" എന്നവാക്ക് കാലാകാലങ്ങളായി കേള്‍ക്കുന്നതാണ്. നാളെത്രകഴിഞ്ഞാലും തലമുറയെത്ര മറിഞ്ഞാലും ഈ പ്രതി(ആ)ഭാസത്തിനൊരു മാറ്റമുണ്ടാവുമോഎന്നറിയില്ല. മുന്‍കാലങ്ങളില്‍ പത്രങ്ങളില്‍ മാതം വായിച്ച, ഇന്ന് ചാനലുകളില്‍ കണ്ടറിഞ്ഞ പീഡനങ്ങള്‍........., ചിലത് അങ്ങേയറ്റംവരെയേത്തിയ കൊലപാതകങ്ങള്‍ . അങ്ങനെ പുറംലോകമറിഞ്ഞതും അറിയാതെപോയതുമായ ഒരുപാട് റാഗിങ്ങ് കഥകള്‍...... 


കേട്ടതത്രെയും ഞെട്ടിപ്പിക്കുന്ന, മനസ് മരവിച്ചുപോകുന്ന സംഭവങ്ങളാണ്. ഏതൊരു മതാപിതാവും തന്‍റെ കുഞ്ഞിനും ഭാവിയില്‍ നേരിടേണ്ടിവന്നേക്കാവുന്ന ഈ ഭയാനകതയെക്കുറിച്ച് ആകുലപ്പെടുന്നുണ്ടാവും. റാഗിങ്ങിന്റെ മനശാസ്ത്രമെന്താണ്? അത് ചെയ്യുന്നവനോട് ആരും അത് ചോദിച്ചുകേട്ടിട്ടില്ല . അല്ലെങ്കില്‍ത്തന്നെ പ്രതിയുടെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കാന്‍? നാം എപ്പോഴും വേദനയും നഷ്ടവും അനുഭവിക്കുന്നവരുടെ കൂടെയാണ്. അതാണ്‌ വേണ്ടതും. എങ്കിലും ഞാന്‍ പ്രതിപാദിക്കുന്നത് ഇതിന്റെ ഒരു മറുപുറമാണ്. നിങ്ങളെന്നോട് യോജിച്ചാലുമില്ലെങ്കിലും അനുഭവങ്ങലെക്കാള്‍ വലിയൊരു പാഠമില്ല എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.


എഞ്ചിനീയറിംഗ്, മെഡിക്കല്‍, എന്നല്ല പ്രൊഫഷണല്‍ കോളേജിന്റെ പടികടന്നവരോടോന്നും മുകല്പറഞ്ഞ യാതൊരു മുഖവരയുടെയും ആവശ്യമില്ല. സിനിമ പോലോടിമറഞ്ഞ റീലുകള്‍ കൈകൊണ്ടിത്തിരി പിന്നോട്ടു കറക്കി കോളേജ് ജീവിതത്തിലേയ്ക്കൊന്നു തിരികെയെത്തി നോക്കുകയാണ്.


ഇന്നു ഞാനൊന്ന് മനസുവച്ചാല്‍, പൂവിട്ടു പൂജിച്ചുകൊണ്ടുപോകാന്‍ കേരളത്തിലുടനീളം ആളുകളുണ്ട്. എന്തിന് സ്വയംപര്യാപ്തതയുടെ പര്യായമെന്നവണ്ണം ഒരുനേരം കറിക്കരയ്‌ക്കാനില്ല എന്ന മുറവിളി സ്വന്തം വീട്ടിലെ അടുക്കളയില്‍നിന്നെങ്കിലും കേള്‍ക്കാതെ നോക്കാനെനിക്കറിയാം. തെങ്ങുകയറ്റം പ്രൊഫഷണല്‍ കോളേജില്‍  പഠിപ്പിക്കുന്നുണ്ടോ എന്നെനിക്കറിയില്ല  എങ്കിലും ഞാനത് സ്വായത്തമാക്കിയത് റാഗിങ്ങ് എന്ന കലവഴിയാണ്. ഒരു നല്ല വ്യായാമെത്തെക്കാളുപരി കരിക്കിന്‍വെള്ളം ആരോഗ്യത്തിനുത്തമമാണെന്നും ഒറ്റകയറ്റംകൊണ്ട് അനേകര്‍ക്ക് ദാഹശമനമുണ്ടാവുമെന്നും. കരിക്കിടുന്തോരും കായ്ഫലം ഇരട്ടിക്കുമെന്നുമുള്ള ഒരു കര്‍ഷകനും പയറ്റാത്ത ന്യുതന കാര്‍ഷിക വിദ്യ അഭ്യസിച്ചതും അവിടുന്നാണ്. 


(വലിഞ്ഞു കയറുമ്പോള്‍ നെഞ്ചിലെ തൊലി ഇത്തിരി തെങ്ങില്‍ പറ്റുമെങ്കിലും കേറുന്ന ദൂരമത്രയും താഴെനിന്നു മുള്ള്കമ്പി ചുറ്റിവിടുകയാണെങ്കില്‍ ഉദ്യമം ഉപേക്ഷിക്കാതെ മുഴുവന്‍ പൂര്‍ത്തിയാക്കാനാവും എന്ന പ്രാക്ടിക്കല്‍ നോളെഡ്ജ് കേരളാ തെങ്ങ് ഗവേഷണ കേന്ദ്രത്തിനോ, കാര്‍ഷിക സര്‍വകലാശാലയ്ക്കോ പേറ്റന്റ്‌ ഒന്നും ആവശ്യപ്പെടാതെതന്നെ  പകര്‍ന്നു നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്.)


നാണം എന്നവാക്കേ എന്‍റെ നിഘണ്ടുവില്‍നിന്നോഴിവാക്കപ്പെട്ടത്‌ ആ കോളേജ് വിദ്യാഭ്യസത്തോടെയാണ്. വെളുപ്പിന് മൂന്നുമണിക്ക് കിടുകിടാ തണുപ്പില്‍ ദിവസവും കുളിച്ച് (അല്ലെങ്കില്‍ കുളിപ്പിക്കും) നടുമുറ്റത്തിനഭിമുഖമായ ഹോസ്റല്‍ ചുറ്റുവരാന്തയില്‍ മുന്പില്‍നില്‍ക്കുന്നവന്റെ തോളില്‍ കൈപിടിച്ച് അന്‍പതോളം പേര്‍ ഒരേ യൂണിഫോമില്‍ (നൂല്‍ബന്ധമില്ലാതെ) ഒന്നായോടിച്ച "ഒന്നാംവര്‍ഷ ട്രെയിന്‍". ......... ഇന്നും ഏതു തണുത്ത വെളുപ്പാന്‍കാലത്തെയും പുല്ലുപോലതിജീവിക്കാന്‍, ദിവസവും കുളിക്കാന്‍  ഞങ്ങളെ പ്രാപ്തരാക്കുന്നു.


എന്തിന്? ഹോസ്റെലിന്റെ എഴുതപ്പെട്ട പത്തുപ്രമാണങ്ങളില്‍ പ്രഥമമായ
"തിരുശേഷിപ്പ്" ഉപേക്ഷിക്കല്‍(V.I.P, Jockey, Tantex തുടങ്ങിയ ബ്രാന്ടൊക്കെ ഇപ്പോഴും ഉണ്ടോ ആവോ)
ഗാന്ധിജിയുടെ വിദേശ വസ്ത്ര ബഹിഷ്കരണത്തേക്കാള്‍ വിലപ്പെട ഒരു തീരുമാനമായി എനിക്ക് തോന്നിയിട്ടുണ്ട്. അന്നുതുടങ്ങി ഇന്നുവരെ കോസ്റ്റ്‌ കട്ടിങ്ങില്‍ താങ്ങായി, അത്യുഷ്ണത്തില്‍ തുണയായി എന്നുവേണ്ട പല ജീവിതമേഖലകളിലും ഒരു പക്ഷിയുടെ സ്വാതന്ത്ര്യം പകര്‍ന്നുതരുന്നതിന്‍റെ നന്ദിയും കടപ്പാടും എനിക്ക് റാഗിങ്ങിനോടുണ്ട്.


പ്രവാസ ജീവിതത്തിലോ?
നാഴികയ്ക്ക് നാല്പതുവട്ടം, തൊട്ടതിനും പിടിച്ചതിനും പ്രതിക്ഷേധസമരവും ഹര്‍ത്താലും  അടിച്ചുതകര്‍ക്കലുമൊക്കെ നടത്തുന്ന ഒരു നാടിന്റെ ചോരയായ നാമെല്ലാം "കമ" എന്നൊരക്ഷരം മിണ്ടാതെ, (തന്തയ്ക്കുവിളി കേട്ടാലും മായാത്ത പുഞ്ചിരിയും ഫിറ്റ്‌ ചെയ്ത്) ഒക്കെ കേട്ടില്ലന്നും കണ്ടില്ലന്നും നടിച്ചു നില്‍ക്കുന്നില്ലേ? ആ നിര്‍വികാരതയുടെ ബാലപാഠം ഞാന്‍ അഭ്യസിച്ചത് റാഗിങ്ങ് എന്ന ഗുരുമുഖത്തുനിന്നുമാണ്. എത്ര പ്രകോപനമുണ്ടായാലും പ്രതികരിക്കാതിരിക്കുക.


ഗള്‍ഫിലെ കമ്പനിയില്‍ കണക്കപ്പിള്ളമാരായി കൈവിരലിലെണ്ണുന്ന ഫിനാന്‍സ് മാനെജെര്മാര്‍, ഓസ്ട്രേലിയയില്‍ കുലത്തൊഴിലായ മരപ്പണിചെയ്തു ഇവിടെയും പെന്‍സില്‍ ചെവിയില്‍ നിന്നെടുക്കാന്‍ മറന്നുപോകുന്ന കണ്‍സ്ട്രക്ഷന്‍ മാനെജെര്മാര്‍, ടെക്നിക്കല്‍ സംശയം വല്ലതുമുന്നയിച്ചു ചെന്നാല്‍ ആകെയറിയാവുന്ന "F" കൂട്ടിയ തെറിമാത്രം വിളിച്ചു തടിതപ്പുന്ന വെള്ളക്കാരന്‍ പ്രൊജക്റ്റ്‌ മാനജേര്‍മാര്‍......., (പിന്നെ നമുക്ക് സംശയമേ ഉണ്ടാകാറില്ല) ഇത്യാദി സാധനങ്ങളുടെ കൂടെ വേല ചെയ്യുമ്പോള്‍ കൈത്താങ്ങാവുക കിണറ്റിലിറങ്ങാതെതന്നെ കണ്ടെടുത്ത മറ്റൊരു നെല്ലിപ്പലകയാണ്. അത് ക്ഷമയുടെയാണ്!


ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? "ബ്ലഡി ഫൂള്‍സ്" റാഗിംഗ് എന്ന് പറഞ്ഞു വല്ലവനുമൊക്കെ പറയുന്നതുകേള്‍ക്കാന്‍ വേറെയാളെനോക്കണം എന്ന് നിങ്ങള്‍ മനസ്സില്‍ കരുതുന്നുണ്ടാവാം അല്ലേ? അത്രെയ്ക്ക് സെറ്റപ്പ് ഉള്ളവരാകുമ്പോള്‍ കോളേജിലേയ്ക്ക് പോകുമ്പോള്‍ മക്കളോട് ഇങ്ങനെ പറഞ്ഞു വിട്ടോളൂ,


 "എത്ര അടികിട്ടിയാലും ഒരെണ്ണമെങ്കിലും തിരികെക്കൊടുത്തിട്ടെ വരാവൂ. കാശ് എത്രയായാലും വേണ്ടില്ല കൊട്ടേഷന്‍ കൊടുത്ത് അവന്മ്മാരുടെ പരിപ്പ് നമുക്കെടുക്കാം. ഇവിടല്ലെങ്കില്‍ അടുത്തിടത്തു അഡ്മിഷന്‍"" വാങ്ങിച്ചു തരാം."


എന്തായാലും എന്‍റെ അപ്പന് വലിയ സെറ്റപ്പ് ഇല്ലാത്തതുകൊണ്ടും, കഷ്ടപ്പെട്ട് പുഷ്ടിപ്പെടുത്തിയെടുത്ത ഈ ശരീരത്ത് ഒരടി പോയിട്ട് ഇത്തിരി മണ്ണ് വീഴുന്നത് സഹിക്കില്ലാ എന്നറിവുള്ളത്കൊണ്ടും  ഉഴപ്പിത്തല്ലിപ്പോകാതെ ഒരു കരപറ്റി കാണണമെന്ന് പുള്ളിക്ക് അതിയായ ആഗ്രഹമുണ്ട് എന്നതിരിച്ചറിവിലും ആദ്യമൊക്കെ അസഹനീയമായിതോന്നിയ ഈ കലാപരിപാടിക്ക് മുകളില്‍ പറഞ്ഞപോലെ ഞാനങ്ങു സ്വമനസാലെ വിധേയപ്പെടുകയായിരുന്നു.


ഗള്‍ഫില്‍ നിന്നും ആടുജീവിതംപോലൊരു "ഫ്ലാറ്റ്ജീവിതവും" കഴിഞ്ഞു "കെന്‍റക്കി ബോയ്സിനെ"  ഉന്നത വിദ്യാഭ്യാസത്തിനായി സ്വന്തം നാട്ടിലെ ഏറ്റവും പേരുകേട്ട പ്രൊഫെഷണല്‍ കോളേജില്‍ NRI കോട്ടയില്‍ അഡ്മിഷനും തരപ്പെടുത്തി കൊണ്ടുചെന്നാക്കുമ്പോള്‍ വലിയ സംഭവമായി കൊണ്ടുനടക്കുന്ന നമ്മുടെ സ്റാന്‍ഡാര്‍ട്, സ്ടാറ്റ്സ് ഇതൊക്കെ മാനിച്ചു പെരുമാറാന്‍ അവിടുള്ളത് "ഒരേ കുലയില്‍"" വിളഞ്ഞ മാങ്ങയോ തേങ്ങയോ ഒന്നുമല്ല, ചിലത് കേടുവന്നതും വവ്വാല്‍ ചപ്പിയതും ആവാം എന്ന സാമാന്യബോധം ഉണ്ടാവുന്നത് നല്ലതാണ്.


ഈയുള്ളവന്‍ അംഗങ്ങള്‍ അധികമുള്ള ഒരു പഴയ തലമുറ ഫാമിലിയിലെ അവസാനകണ്ണിയായതുകൊണ്ട് പിടിച്ചുനിന്നത്പോലെ  "ഒറ്റപ്പറങ്ങാണ്ടിയോ", ഇരട്ടയോ അറ്റകൈക്ക് "ട്രിപ്പില്‍സ്" എണ്ണം മാത്രമുള്ള ഇന്നത്തെ "ന്യൂക്ലിയര്‍ ബേബീസിന്" ഇതിനു കഴിയണമെന്നില്ല. ചോദിക്കുന്നതിനു മുന്‍പേ നിറവേറ്റിക്കൊടുക്കപ്പെടുന്ന ആഗ്രഹങ്ങള്‍..., പിടിവാശിക്ക് മുന്‍പില്‍ മറുവാശി കാണിക്കാതെ ആവശ്യപ്പെടുന്നതൊക്കെ നല്‍കുന്ന മാതാപിതാക്കള്‍.., അവരുടെ മക്കള്‍ക്ക്‌ സഹിഷ്ണത, ക്ഷമ ഇതൊക്കെ എന്തെന്നറിയിയുമോ "പൂവര്‍ ഗയ്സ്!"  


റാഗിങ്ങിന്റെ പൊതുവെയുള്ള മനശാസ്ത്രം എന്തെന്ന് വച്ചാല്‍.............;....... 
സീനിയര്‍ കൂട്ടത്തില്‍ കേമനാണെന്ന് സ്വയം നടിക്കുന്ന ഒരുവനായിരിക്കുമല്ലോ നേതാവ്. കൂട്ടുകാരുടെ മുന്നില്‍ ഒന്ന് ഞെളിയണം. അതിനായി ഇറക്കുന്ന "വിരട്ടിഫിക്കെഷന്‍സ്" ഫലിക്കുന്നില്ല എന്ന് വരുമ്പോഴാണ് സംഗതി സീരിയസ്സാകുന്നത്. പൊതുവേ അല്പം ഗ്ലാമാറുള്ള "കുണ്ടന്മാരോട്" ഉള്ള അസൂയ, കാശിന്റെ നെഗളിപ്പിറക്കുന്നവനെ ചെറുതായോന്ന് നിലക്കുനിര്‍ത്തുക, കട്ടിമീശയുള്ളവനെ ചെമ്മാച്ചനാക്കി വിടുക, മസിലുപിടിക്കുന്നവന്റെ കക്ഷത്തിലെ ഇഷ്ടികയെടുക്കുക, തുടങ്ങി തെറ്റുപറയാനൊക്കാത്ത കുറ്റങ്ങളാണ് ഒക്കെയും. 


തീയില്ലാതെ പുകയുണ്ടാകുമോ? ഇല്ല. എരിതീയില്‍ ഏണ്ണയോഴിക്കണോ? വേണ്ട. നീന്താന്‍ പറഞ്ഞാല്‍ നീന്തുക, പത്ത് ഏത്തമിടാന്‍ പറഞ്ഞാല്‍ പന്ത്രണ്ടെണ്ണം ഇടുക. ഷര്‍ട്ട്‌ ഊരാന്‍ ആവശ്യപ്പെട്ടാല്‍ മുണ്ടും "തിരുശേഷിപ്പും കൂടി ഊരികൊടുക്കുക. അങ്ങനെ വെട്ടാന്‍ വരുന്ന പോത്തിനെ വേദമോതാതെ തന്നെ ഏത്തയ്ക്കാതൊലിയും കാടിവെള്ളവും കൊടുത്ത് സമാധാനിപ്പിച്ചു വിടുക. ആ തന്ത്രമാണ് റാഗിംഗ് കാലത്ത് പിടിച്ചു നില്‍ക്കാനുള്ള ഏക ഉപായം.


തനി ക്രിമിനല്‍ മനോനിലയുള്ളവരും ഉണ്ടെന്ന് നമുക്കറിയാം. (വളരെ ചുരുക്കം കേസുകളില്‍) മാതം). മുകളില്‍ പ്രതിപാദിച്ചപോലെ പല ജിവിതസാഹചര്യങ്ങളില്‍നിന്ന് വരുന്നവര്‍. അത് തിരിച്ചറിയാനുള്ള വകതിരിവ് വേണം എന്നതാണ് ഈ പറഞ്ഞതിന്റെയൊക്കെ സാരം. നഷ്ടപ്പെടുന്നത്, വേദനിക്കുന്നത് ഒക്കെ നമുക്കുമാത്രമാണ്. കുട്ടികളെ ശാസിച്ചു വളര്‍ത്തിക്കോളൂ. തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല എന്നല്ലേ! തന്തയൊന്നു തല്ലിയാലും പുള്ള പീസായ്പ്പോകുമൊന്നുമില്ല. (തിരിച്ചു മേടിച്ചാല്‍ ഞാന്‍ ഉത്തരവാദിയല്ല)


 "ടീച്ചെര്സ് സണ്ണ്‍" ആയതുകൊണ്ടോ,  പെണ്‍പടക്കിടയിലെ ഏക ആണ്‍തരിയായതുകൊണ്ടോ എന്തോ? അറിയില്ല, നിയന്ത്രിക്കപ്പെട്ട ചുറ്റുപാടുകളും നല്ല സൌഹൃദങ്ങളുടെ അപര്യാപ്തതയും എന്നിലെ ടീനേജുകാരന്‍റെ ധൈര്യത്തില്‍, ആത്മവിശ്വാസത്തില്‍, മറ്റുള്ളവരോടുള്ള സംസര്‍ഗത്തില്‍ ഒക്കെ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടായിരുന്നു. ആ കലാലയ, ഹോസ്റല്‍ ജീവിതമാണ് വെറുമൊരു "ചാന്തുപൊട്ട്" ആയിപ്പോയേനേ എന്ന് ഞാന്‍തന്നെ പരിഹാസ്യേന പറയാറുള്ള ഇതെഴുതിയവനെ ലോകത്തിന്റെ ഏതു കൊണിലേയ്ക്കും എടുത്തെറിഞ്ഞാല്‍ "പൂച്ചയെപ്പോലെ" നാലുകാലില്‍ വന്നു നില്‍ക്കാമെന്ന ആത്മവിശ്വാസത്തിലേയ്ക്ക്, ധൈര്യത്തിലെയ്ക്ക്, വലിയ സുഹൃത്ബന്ധങ്ങളിലേക്ക് ഒക്കെ കൊണ്ടുവന്നെത്തിച്ചത്.  


 കതകു തല്ലിപ്പൊളിച്ച് പാതിരാത്രിയില്‍ മുറിയിലെത്തിയ സീനിയറിലൊരാളുടെ കൈതരിപ്പ് കവിളില്‍ അടങ്ങിയപ്പോള്‍, അത് ജീവിതത്തിലാദ്യമായനുഭവിച്ചതിന്‍റെ ചാരിതാര്‍ത്യത്തില്‍ കണ്ണിലൂടെയെത്തിയ രണ്ടു തുള്ളി വേദന എനിക്ക് നേടിത്തന്നത് പുതിയൊരു സൗഹൃദവും, കാലങ്ങള്‍ക്കിപ്പുറം കലാലയം വിട്ട്‌ ഗള്‍ഫ് എന്ന സ്വപ്നത്തില്‍ തൂങ്ങിക്കിടന്നയെന്നെ നിനച്ചിരിക്കാത്ത നേരത്തെത്തിയൊരു ഫോണ്‍കോളില്‍ കൈപിടിച്ച് ഇവിടെയെത്തിച്ചതും ഘടാഘടിയന്മാരായ ആ "റാഗിങ്ങ്" വിദഗ്ധരില്‍ ഒരാള്‍ തന്നെയായിരുന്നു.


"എല്ലാം നല്ലതിന്." സംഭവിക്കുന്നതൊക്കെ നല്ലതിന്. സംഭവിക്കാനിരിക്കുന്നതും നല്ലതിന്. ഇവിടെവന്ന് ഇതു വായിക്കാന്‍ തോന്നിയത് എന്തിന്? എന്ന് മാത്രം പറയരുത്. പ്ലീസ് വെയിറ്റ്...... ഞാന്‍ ചെവിയിലിത്തിരി പഞ്ഞി തിരികിക്കോട്ടേ..............:)

Related Posts Plugin for WordPress, Blogger...